ഒരു ഗുൽമോഹർ പോലെ
ഗുൽമോഹർ പൂക്കൾ പന്തലണിയിച്ച ആ കലാലയ കവാടത്തിനു മുൻപിൽ നിൽക്കുമ്പോൾ അവൾ 25 കൊല്ലം മുൻപ് വിരിഞ്ഞ ഗുൽമോഹറിന്‍റെ നിറവും പ്രൌഡിയും ഓർത്തുപോയ്. ഒന്നിനും ഒരു മാറ്റവുമില്ല. യൗവ്വനത്തിന്‍റെ തുടിപ്പിന്നും ആ പൂക്കളിൽ കാണാമായിരുന്നു. അവളുടെ മുൻപിൽ തലയുയർത്തി പിടിച്ചു നിൽക്കുന്ന കെട്ടിടത്തിനൊരു തണലായിട്ടെന്നും ആ മരം അവിടെയുണ്ടായിരുന്നു, ഇന്നും അതവിടെ സ്ഥിതിചെയ്യുന്നു. വെറുമൊരു കെട്ടിടമല്ല ഇത് , ഈ കവാടത്തിനപ്പുറത്തെ ജീവിതം ആസ്വദിച്ചിട്ടുള്ളവരുടെ ജീവന്‍റെ ഒരംശമാണീ കെട്ടിടം. ജീവിതത്തിന്‍റെ ചെറുതും വലുതുമായ പടികൾ കയറുമ്പോളെല്ലാം തണൽ നൽകിയതിനും, ഒഴിവുനേരങ്ങളിൽ ഓർത്തെടുത്ത് മന്ദഹസിക്കാൻ കുറെയേറെ ഓർമ്മകൾ സമ്മാനിച്ചതിനും ഇവിടെനിന്നു പടിചിറങ്ങിയവരെന്നും കടപ്പെട്ടിരിക്കും ഈ കെട്ടിടത്തിനോട്.

ഗുൽമോഹർ പൂക്കൾ തീർത്ത പരവതാനിക്ക് മുകളിലൂടെ പുതിയൊരു ലോകത്തേക്ക് തന്‍റെ മകൾ നടന്നടുക്കുമ്പോൾ ആ അമ്മയുടെ കണ്ണുകളിൽ യൗവ്വനത്തിന്‍റെ ആകാംക്ഷയല്ല , മാതൃത്വത്തിന്‍റെ ആവലാതിയും വ്യാകുലതയുമാണ്. മകളെ നിരീക്ഷിക്കുന്നത്തിനിടയിൽ സ്വന്തം ചലനങ്ങളിലേക്കൊന്നു ശ്രദ്ധിച്ചപ്പോൾ അവള്ക്ക് കാണാൻ കഴിഞ്ഞത് സ്വന്തം അമ്മയുടെ പ്രതിഭിംഭമായിരുന്നു. അന്നവൾ മനസ്സിലാക്കിയിരുന്നില്ല അവള്ടെ അമ്മയുടെ കണ്ണിലെ വ്യാകുലതയും ഉപദേശങ്ങളിൽ മറഞ്ഞുകെടക്കുന്ന പേടിയും.
"അമ്മക്കെന്താ? എന്തിനാ വെറുതെ പേടിക്കുന്നെ? "
അമ്മ അമിതമായ് പേടിക്കുകയാനെന്നു പറഞ്ഞന്നവൾ പിണങ്ങി. ഇന്നും അതുതന്നെ ആവർത്തിക്കും.
"നീ ഒരമ്മയാവുമ്പോൾ മനസ്സിലാകും" എന്ന അമ്മയുടെ പതിവ് ചൊല്ലിനെ അന്നവൾ പുച്ചിച്ചു പക്ഷെ, ഇന്നവൾ മനസ്സിലാക്കുന്നു, ഒരമ്മയുടെ ആവലാതിയെ.
എന്നാലും, എത്രതന്നെ പേടിയുണ്ടെങ്കിലും അവളുടെ മകളുടെ ചിറകുകൾ മുറിച്ച് മാറ്റാൻ ശ്രമിക്കില്ല അവൾ... ഒരമ്മയും ശ്രമിക്കില്ല.
സ്വന്തം മക്കൾ സ്വപ്ന ചിറകുകളേന്തി പുതിയൊരു ലോകത്തേക്ക് പറന്നടുക്കുംപോൾ സന്തോഷവും, പ്രാർഥനയും പിന്നെ വേണ്ടിവരുമ്പോൾ ഒരു കൈത്താങ്ങായ്, തണലായ് ഒരു ഗുൽമോഹർ പോലെ എപ്പോഴും വിളിപ്പുറത്തുണ്ടാവും എന്നും ഒരമ്മ.
(2016, Feb 14)
Good one! :)
ReplyDeleteThnku :)
Delete